Wednesday, January 23, 2013

കോഴിയുടെ കല്യാണം

 കുറുക്കന്റെ കല്യാണം
ഛെ തെറ്റിപോയി
കോഴിയുടെ കല്യാണം

 ഒരു കാലത്ത്  സെന്‍ട്രല്‍ പോളിടെക്നിക് എന്ന  സിപിടിയിലെ അത്ഭുത പ്രതിഭാസമായിരുന്ന ശ്രീമാന്‍ കോഴി രതീഷിന്റെ കല്യാണം നിശ്ചയിച്ചു. കോഴിക്ക്  കേരളത്തില്‍ നിന്ന് ഒരിക്കലും പെണ്ണ് കിട്ടില്ലെന്ന് വിശ്വസിച്ചു നടന്ന ചില മണ്ണുണ്ണികളുടെ അണ്ണാക്കിലേക്ക്  തന്റെ ബ്രഹ്മാസ്ത്രം എയ്തുകൊണ്ട് രതീഷ്‌ ആ പ്രഖ്യാപനം നടത്തി - " ഞാന്‍ എന്റെ ബാച്ച്ലര്‍ സ്റ്റാറ്റസ് ഡൌണ്‍ഗ്രേഡ് ചെയ്തു വിവാഹതിനാവാന്‍ പോകുന്നു ".

പണ്ടൊരിക്കല്‍ രതീഷിന്റെ ഒരു പഴയ ഗോപിക എന്നോട് ചോദിച്ചു " എന്തിനാ അണ്ണാ എന്റെ അണ്ണനെ കോഴീ എന്ന് വിളിക്കണത്  ? എന്റെ അണ്ണന്റെ സ്വഭാവം അത്രയ്ക്ക് മോശമാ ? ". ഈ ഗോപിക മാത്രമല്ല രതീഷിന്റെ നേത്രബാണമേറ്റ് കോരിത്തരിച്ചു പോയ (കോരിത്തരിച്ചു എന്ന് രതീഷ്‌ സ്വയം വിശ്വസിക്കുന്ന എന്നാല്‍ തിരികെ കൊഞ്ഞനം കുത്തി കാണിച്ചതാണെന്ന്‌ ഞങ്ങള്‍ വിശ്വസിക്കുന്ന ) ഒരുപാട് തരുണീമണികള്‍
സിപിറ്റിയില്‍ പലരോടും ഇതേ ചോദ്യം ചോദിച്ചു. അവരോടൊക്കെ ഞങ്ങള്‍ പറഞ്ഞു ഇവന്റെ സ്വഭാവം കൊണ്ടല്ല രൂപ സാമ്യം കൊണ്ടാണ് അങ്ങനെ വിളിക്കുന്നത്‌. അകം പൊള്ളയും പുറം കഷണ്ടിയുമായ ആ തലയുടെ ഉച്ചിയുടെ ഭാഗത്ത് പൂവന്‍ കോഴിയുടെ പൂവ് പോലെ ഉയര്‍ന്നു പൊങ്ങി നില്‍കുന്ന നാലു രോമങ്ങളും ആ കഷണ്ടി മറക്കാന്‍ പുറകില്‍ നിന്നും ഖനനം നടത്തി മുന്നിലേക്ക്‌ ചീകി വച്ച ചകിരികൂട് പോലുള്ള തല മുടിയും കണ്ടാല്‍ ആരും വിളിച്ചു പോകും കോഴീ എന്ന്. പിന്നെ മുട്ടയിടാത്തത് കൊണ്ട് പിടക്കോഴിയാണോ പൂവന്‍ കോഴിയാണോ എന്നുള്ള സംശയവും ഇല്ല.


മദ്യം കണ്ടാല്‍ സ്ഥലകാലബോധം നഷ്ടപെടും എന്നതൊഴിച്ചാല്‍ മറ്റൊരു ദുശീലവും സ്വന്തമായിട്ടില്ലാത്ത കോഴിയുടെ ആദ്യ പെണ്ണുകാണലിനെ പറ്റി പ്രചരിച്ചിരുന്ന ഒരു കഥയുണ്ട്.



ഗള്‍ഫില്‍ നിന്നും ആദ്യ ലീവിനെത്തിയ രതീഷ്‌ പെണ്ണുകാണാന്‍ കൂടെ വരാന്‍ 3 സുഹൃത്തുക്കളെയും സ്വന്തം ചേട്ടനെയും ക്ഷണിച്ചു. എന്നാല്‍ ഇവനു വേണ്ടി പെണ്ണ് ചോദിച്ചു പോകുന്നത് തടി കേടാവുന്ന ഏര്‍പാടാണ് എന്ന് മനസിലാക്കിയ ഒരു ഭാഗ്യവാന്‍ എന്തോ ഒഴിവുകഴിവ് പറഞ്ഞ് ഉദ്യമത്തില്‍ നിന്ന് പിന്മാറി.  ഞാന്‍ ഇന്‍ഷുറന്‍സ് പോളിസി എടുത്തിട്ടില്ലെന്നും പറഞ്ഞ് ചേട്ടന്‍ ആദ്യം തന്നെ തടി തപ്പി.

ജീവനില്‍ കൊതിയില്ലാത്ത മറ്റു സുഹൃത്തുക്കളെയും കൂട്ടി വാടകക്കെടുത്ത പ്രീമിയര്‍ പദ്മിനി കാറില്‍ രതീഷ്‌ യാത്ര തിരിച്ചു (note the point : പ്രീമിയര്‍ പദ്മിനി കാര്‍ ടാക്സി ഓടിയിരുന്ന കാലം മുതല്‍കേ രതീഷ്‌ പെണ്ണു കാണാന്‍ തുടങ്ങിയതാണ്‌).

കാക്ക കുളിച്ചാല്‍ കൊക്കാകില്ല എന്നറിയാഞ്ഞിട്ടാണോ അതോ പഴഞ്ചൊല്ലില്‍ തീരെ വിശ്വാസം ഇല്ലാഞ്ഞിട്ടാണോ എന്നറിയില്ല, രതീഷ്‌ അന്ന് രാവിലെ 4 പ്രാവശ്യം കുളിച്ചിരുന്നു. പിന്നെ പോകുന്ന വഴിയില്‍ ഒരു ബ്യൂടിപര്‍ലാറില്‍ കയറി മുഖം വെളുപ്പിക്കാന്‍ ഒരു ശ്രമവും നടത്തി. എന്നിട്ടും വെളുക്കാത്തതിനു ബ്യൂടീഷ്യനെയും കുറ്റം പറഞ്ഞ് തിരികെ പോകാന്‍ തുടങ്ങിയ രതീഷിനെ കറുപ്പിനും ഉണ്ടളിയാ ഏഴഴക് എന്ന് പറഞ്ഞു സുഹൃത്തുക്കള്‍ ആശ്വസിപ്പിച്ചു. 

കുളിയും മുഖം മിനുക്കലും പിന്നെ പദ്മിനി കാറിലെ യാത്രയും എല്ലാം കൂടി സമയം വൈകി. പെണ്ണ് വീട്ടില്‍ എത്തുമ്പോള്‍ സമയം വൈകുന്നേരം 6 മണി. രാവിലെ മുതല്‍ 5 മണി വരെ നോക്കിയിട്ടും ഇവരെ കാണാത്തത് കൊണ്ട് ഇനി വരില്ല എന്ന് തന്നെ കരുതി പെണ്ണും പെണ്ണിന്റെ അമ്മയും കൂടി അമ്പലത്തിലോ മറ്റോ പോയപ്പോള്‍ ആണ് ഇവരുടെ വരവ്.
 ആദ്യം ഉണ്ടായ അമ്പരപ്പ് പുറത്തു കാണിക്കാതെ പെണ്ണിന്റെ അച്ഛന്‍ ഇവരെ സ്വീകരിച്ചു. കുറച്ചു നേരം സംസാരിച്ചിരുന്നിട്ടു കുടിക്കാന്‍ ചൂടായിട്ടെന്തെങ്കിലും എടുക്കാം എന്നും പറഞ്ഞിട്ട് അദ്ദേഹം അകത്തേക്ക് പോയി.  2-3 മിനിട്ട് കഴിഞ്ഞപ്പോള്‍ 3 ഗ്ലാസ്സില്‍ പാനീയവും ഒരു പാത്രത്തില്‍ മിക്ചറും ചിപ്സുമായി മടങ്ങിയെത്തി. മദ്യത്തിന്റെ നിറമുള്ള പാനീയം കണ്ടതേ രതീഷിന്റെ മനസ്സില്‍ ലഡ്ഡു പൊട്ടി. അവന്‍ അമിതാഹ്ലാദത്തോടെ ഒരു വിസിലും അടിച്ച് മുന്നോട്ട്‌ ചാടി. പിന്നെ വിളിച്ചു പറഞ്ഞു " അളിയോ അമ്മാവന്‍ സെറ്റപ്പാ. കൊച്ചു കള്ളന്‍. ഇതില്‍ സോടയാണോ വെള്ളമാണോ ഒഴിച്ചത് ? എനിക്ക് വെള്ളമാണ് ശീലം. അമ്മാവനും ഒരെണ്ണം അടിക്ക്. "
ഇത് കേട്ടതും 'ഭ' എന്നൊരു ആട്ടും ആട്ടി കലി തുള്ളി വന്ന അമ്മാവന്‍ കയ്യിലിരുന്ന ഗ്ലാസും പാത്രവും രതീഷിന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു. നല്ല ചൂട് വെള്ളം മുഖത്തേക്ക് വീണതും രതീഷിനു കാര്യം മനസിലായി. അത് മദ്യം അല്ലായിരുന്നു. നല്ല ഒന്നാന്തരം കട്ടന്‍ ചായ.

പിന്നെ തിരിച്ചുള്ള യാത്രയില്‍ ആരും ഒരക്ഷരം ഉരിയാടിയില്ലെങ്കിലും രതീഷിന്റെ സുഹൃത്തുക്കളുടെ മുഖത്ത് ഒരു ആശ്വാസത്തിന്റെ പുഞ്ചിരി ഉണ്ടായിരുന്നു - ഇത്തവണ നമ്മക്ക് തല്ലു കിട്ടിയില്ലല്ലോ എന്നോര്‍ത്ത്.

Tuesday, July 3, 2012

ഷിറാസിന്റെ പൊറോട്ട

4 വര്‍ഷം മുമ്പുള്ള ഒരു അര്‍ദ്ധരാത്രി. നിലാവില്‍ ബിയര്‍ അടിച്ചു ഫിറ്റായി കിടന്ന കുറേ വാല്‍മാക്രികള്‍ക്ക് ഒരു ഉള്‍വിളി ഉണ്ടായി. ബി ടെക് പഠിക്കണം. ചെന്നു പെട്ടതോ ഒരു സിംഹത്തിന്റെ മടയില്‍ - സി ഇ റ്റി(കോളേജ് ഓഫ് എന്‍ജിനീയറിങ് തിരുവനന്തപുരം).
ആവശ്യം അറിയിച്ചപ്പോള്‍ പി റ്റി എ ഫണ്ട്, ട്യൂഷന്‍ ഫീസ് ഇത്യാദി വഹകളില്‍ ദക്ഷിണ വക്കാന്‍ പറഞ്ഞു. രണ്ടു മാസത്തെ ശംബളം അടിയറവു വച്ച് പരിപാടി തുടങ്ങി.

ഈ രക്തം രക്തത്തെ തിരിച്ചറിയും എന്നു പറയുന്നതു പോലെ ആണു മദ്യപാനികളുടെ കാര്യവും. ആദ്യ ദിനം തന്നെ ക്ലാസിലെ മദ്യപാനികളെല്ലാം ഒരു ബഞ്ചില്‍ എത്തി. നേരേ ചൊവ്വേ കണക്കു കൂട്ടാനറിയാത്തവന്‍മാരെ ഇന്റഗ്രേഷന്‍ പഠിപ്പിക്കാന്‍ പോയി, പരാജിതനായി അനില്‍കുമാര്‍ സാര്‍ തലയില്‍ കൈ വച്ച് തളര്‍ന്നിരുന്ന ഇടവേളകളില്‍ അവര്‍ മദ്യാപാന കലയില്‍ തങ്ങള്‍ക്കുള്ള പ്രാവീണ്യം പരസ്പരം ചര്‍ച്ച ചെയ്തു.

രണ്ടാമത്തെ ദിവസം അവര്‍ തങ്ങളുടെ ആദ്യ സംയുക്ത സംരംഭത്തിന്റെ പ്ലാനും സ്കെചും തയ്യാറാക്കി.
സംരംഭത്തിന്റെ ഉല്‍ഘാടനസമയം : ഞായറാഴ്ച നാലു മണി,
സ്ഥലം : ഷിറാസിന്റെ റൂം.
ബ്രാന്‍ഡ് : എംസിബി

അവസാനം അവര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ആ സുദിനം വന്നെത്തി.
ഞായറാഴ്ച. 
മദ്യപാനികളുടെ ക്രിത്യനിഷ്ഠതക്ക് മറ്റൊരുദാഹരണം നല്‍കികൊണ്ട് അവര്‍ പറഞ്ഞുറപ്പിച്ച സമയത്തിനും അര മണിക്കൂര്‍ മുന്‍പു തന്നെ സ്ഥലത്തെത്തി. കഴിഞ്ഞ നാലു വര്‍ഷത്തിനിടക്ക് ഒരിക്കല്‍ പോലും ക്രിത്യസമയത്ത് ക്ലാസില്‍ എത്തിയിട്ടില്ലാത്ത ഒരു കഷണ്ടി തലയനുമുണ്ട് കൂട്ടത്തില്‍. അവന്‍ പോലും വെള്ളമടിക്കാന്‍ സമയത്തിനു മുന്‍പു തന്നെ എത്തി.
അത്യാവശ്യമായി നാട്ടില്‍ പോകേണ്ടി വന്ന സജിത്തിനു ചടങ്ങില്‍ പങ്കെടുക്കാനായില്ല. അതിനു പ്രായശ്ചിത്തമെന്നോണം ഒരു കുപ്പി നിറയെ മദ്യം തന്റെ സുഹ്രുത്ത് വശം കൊടുത്തയച്ച് അദ്ദേഹം മദ്യപാനികളോടുള്ള തന്റെ ഐക്യദാര്‍ഢ്യം പ്രഖാപിച്ചു.
സ്നേഹോജ്വലമായി ഷിറാസ് അവരെ സ്വീകരിച്ചു. വന്നു കയറിയ ഉടന്‍ തന്നെ കുറേ പൊറോട്ടയും സലാഡും ഗ്ലാസും ഷിറാസ് മേശമേല്‍ നിരത്തി. ആതിധ്യ മര്യാദയുടെ എല്ലാ നിയമങ്ങളൂം പാലിച്ചു കൊണ്ട് ഷിറാസ് അവരെ സല്‍കരിച്ചു. മദ്യപിക്കാത്ത ഷിറാസിനു മദ്യപാനികളോടുള്ള സ്നേഹവും ബഹുമാനവും കണ്ട് എല്ലാവരും രോമാഞ്ചകഞ്ചുകരായി.

രാത്രി 8 മണിയോടെ ഷിറാസിനും അവന്റെ സ്നേഹത്തിനും നന്ദി പറഞ്ഞു ഞങ്ങള്‍ വീട്ടിലേക്കു പോയി.

പ്രസ്തുത ചടങ്ങിനു ശേഷം ചില ആരോഗ്യ പ്രശ്നങ്ങള്‍ കാരണം 3 ദിവസം എനിക്ക് കോളേജില്‍ പോകാന്‍ സാധിച്ചില്ല. മൂന്നാമത്തെ ദിവസം കോളേജില്‍ ചെന്നപ്പോഴാണു അറിഞ്ഞത് മദ്യപാനികള്‍ ആരും തന്നെ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കോളേജില്‍ ചെന്നിട്ടില്ല. കാര്യമെന്തെന്ന് അറിയാനായി അവരെ ഒരോരുത്തരെ ആയി ഫോണില്‍ ബന്ധപ്പെടാന്‍ ഞാന്‍ ശ്രമിച്ചു.

നമ്മുടെ കഷണ്ടിയെ വിളിച്ചപ്പോള്‍ അവന്‍ ഫോണ്‍ എടുക്കുന്നില്ല. അവന്‍ ജോലി ചെയ്യുന്ന കോളേജില്‍ വിളിച്ചപ്പോള്‍ പുള്ളിക്കാരന്‍ 3 ദിവസമായി ലീവില്‍ ആണു എന്നാണു അറിയാന്‍ കഴിഞ്ഞത്.
തടിയനും ഫോണ്‍ എടുക്കുന്നില്ല. അവന്റെ ഓഫീസില്‍ വിളിച്ചു തടിയന്‍ അവിടെ ഉണ്ടോ എന്നു തിരക്കി. എംഡി ആയിരുന്നു ഫോണ്‍ എടുത്തത്. തടിയന്റെ പേരു കേട്ടതും അങ്ങേരു ചൂടാവാന്‍ തുടങ്ങി.
ഇവന്‍ 3 ദിവസമായി ക്വാളിറ്റി ടെസ്റ്റ് നടത്താത് കൊണ്ട് അവരുടെ പ്രോഡക്റ്റ് ഒന്നും വില്ക്കുന്നില്ല എന്നും പറഞ്ഞ് അങ്ങേര്‍ കുറേ തെറി പറഞ്ഞു. അതു കേള്‍ക്കാനും എന്റെ ജന്മം ബാക്കി.
(ഒരു ബലൂണ്‍ കമ്പനിയില്‍ ആണു തടിയനു ജോലി. ബലൂണ്‍ ഊതി പെരുക്കി ടെസ്റ്റ് ചെയ്യുന്നതാണു തടിയന്റെ ജോലി).

എന്തായാലും ഒരു ആഴ്ച കഴിഞ്ഞപ്പോള്‍ എല്ലാവരും കോളേജില്‍ മടങ്ങി എത്തി. അപ്പോഴാണു ആ നടുക്കുന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞത്. അന്നു ഷിറാസ് സ്നേഹത്തോടെ നല്‍കിയ പൊറോട്ടക്ക് ഒരു ആഴ്ച പഴക്കം ഉണ്ടായിരുന്നു. വേസ്റ്റ് ബോക്സില്‍ തട്ടാന്‍ വച്ചിരുന്ന പൊറോട്ടയായിരുന്നു അവന്‍ ഞങ്ങളുടെ മേല്‍ പരീക്ഷിച്ചത്. അതിന്റെ ഹങ്ങോവറില്‍ നട്ടും ബോള്‍ട്ടും ഇളകിയ വയറുമായി ഒരു ആഴ്ച തള്ളി നീക്കേണ്ടി വന്നു നമ്മുടെ പാവം മദ്യപാനികള്ക്ക്.

(നിയമ പ്രകാരം ഉള്ള മുന്നറിയിപ്പ്     :     മദ്യപാനം ആരോഗ്യത്തിനു ഹാനികരം)

Tuesday, August 24, 2010

6 വര്‍ഷങ്ങള്‍ക്കു ശേഷം ................

കൈലാസ് നാഥ് പിന്നെയും ഞെട്ടിച്ചു. പണ്ട് പോളിയിലെ 3 വര്‍ഷം ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ കൊണ്ടാണ് ഞെട്ടിച്ചതെങ്കില്‍ ഈ പ്രാവശ്യം വമ്പനൊരു get together നടത്തി കൊണ്ടാണ് ഞെട്ടിച്ചത്. ആദ്യം ആ പഴയ കലാലയത്തില്‍ വച്ച് തന്നെ കണ്ടു മുട്ടാം എന്ന് തീരുമാനിച്ചെങ്കിലും, പിന്നെയാണ് പോളിയിലെ അവസാന ദിവസം പ്രിന്‍സിപാല്‍ പറഞ്ഞ ഡയലോഗ് ഓര്‍മ വന്നത് . " നിങ്ങളെ പോലെ ഒരു ബാച്ചിനെ ഈ കലാലയം ഇതുവരെ കണ്ടിട്ടില്ല. ഇനി മേലാല്‍ ഒറ്റയെണ്ണം ഈ മതില്‍ കെട്ടിനകത്ത്‌ കാലു കുത്തി പോകരുത് ". വയസ്സ് കാലത്ത് ആ പെണ്ണുമ്പിള്ളയുടെ തല്ലു കൊള്ളാന്‍ വയ്യ എന്ന കൈലാസ് ന്റെ അഭിപ്രായം മാനിച്ച് വല്ല restaurant ലും വച്ച് കണ്ടു മുട്ടാം എന്ന് തീരുമാനിച്ചു.

അങ്ങനെ ഞങ്ങള്‍ കഴിഞ്ഞ ശനിയാഴ്ച ആ സായാഹ്നത്തില്‍ കണ്ടു മുട്ടി. 6 വര്‍ഷങ്ങള്‍ക്കു ശേഷവും ' സ്വഭാവത്തില്‍ ' വലിയ മാറ്റങ്ങളൊന്നും സംഭവിക്കാത്ത 17 പേര്‍, ഇവിടെ സ്വഭാവത്തില്‍ എന്ന വാക്കിനു പ്രാധാന്യം ഉണ്ട്. കാരണം രൂപത്തില്‍ മാറ്റങ്ങളൊക്കെ വന്നിട്ടുണ്ട്. നസീമയുടെ ഒക്കത്തും തോളിലും തലയിലും പിന്നെ കയ്യിലും ഓരോ കുഞ്ഞുങ്ങള്‍ ഉണ്ട്. സുമേഷിന്റെ തല domex ഫ്ലോര്‍ ക്ലീനറിന്റെ പരസ്യത്തില്‍ പറയുന്ന പോലെ വെട്ടിത്തിളങ്ങുന്നുണ്ട്. ഒറ്റ മുടിയില്ല കണ്ടു പിടിക്കാന്‍. ഏതായാലും ഈ തല കണ്ടതോടെ കൂട്ടത്തിലുള്ള അര കഷണ്ടിക്കാരുടെ മുഖത്ത് എലി പുന്നെല്ലു കണ്ട സന്തോഷം ഇരച്ചെത്തുന്നതും ആശ്വാസത്തിന്റെ നെടുവീര്‍പ്പുകള്‍ ഉയരുന്നതും അവിടെ കാണാനായി.

അപ്പോഴതാ ബുളളറ്റിന്റെ മുകളിലേറി നവദമ്പതികള്‍ വരവായി. ജിജോയും സജിനിയും. കൈലാസ് സുമേഷിന്റെ കാതില്‍ രഹസ്യമായി ചോദിച്ചു - "ആ ബുളളറ്റിനു പുള്ളിംഗ് അല്പം കുറവുണ്ടോ ??". സുമേഷ് ഉടന്‍ തന്നെ സംശയ നിവാരണം നടത്തി. "ഓവര്‍ലോഡ് കേറിയാല്‍ ഏത് ബുളളറ്റും കിതക്കും"..

ശ്രീജയോടു വിശേഷങ്ങളൊക്കെ പറയാന്‍ എല്ലാവരും ആവശ്യപെട്ടു. ശ്രീജ ഉടന്‍ പറഞ്ഞു. "ആദ്യം ചേട്ടന്‍ പറയട്ടെ എന്നിട്ട് ഞാന്‍ പറയാം". ഇത് കേട്ട മാത്രയില്‍ ബാക്കി 15 പേരും അന്തം വിട്ടു കുന്തം വിഴുങ്ങിയ പോലെ നിന്ന് പോയി. പണ്ട് വിപിന്‍‌ദാസ് ന്റെ മാര്‍ക്ക്‌ ലിസ്റ്റിലെ മുട്ടകള്‍ കണ്ടു അവന്റെ മാനേജര്‍ വാ തുറന്നു നിന്നത് പോലെ. ഇന്നലെ വരെ എടാ, പോടാ, ഇവിടെ വാടാ, മരത്തലയാ എന്നൊക്കെയാണ് ഇവള്‍ ശ്രീജിത്തിനെ വിളിച്ചിരുന്നത്‌. കാലം വരുത്തുന്ന ഓരോ മാറ്റങ്ങളേ.

പ്രശാന്ത് കടന്നു വന്നയുടനെ ഒരു കാര്യം മാത്രമേ ആവശ്യപ്പെട്ടുള്ളു "തമ്പിയണ്ണന്റെ മകളുടെ കാര്യം ചോദിക്കരുത് ". അല്ലെങ്കിലും പൊളിഞ്ഞു പോയ പഴയ പ്രണയത്തിന്റെ ഓര്‍മകള്‍ക്ക് സുഗന്ധമാണ്, മാങ്ങാതൊലിയാണ് എന്നൊക്കെ പറയാമെങ്കിലും മൂന്നാമതൊരാള്‍ ചോദിക്കുമ്പോള്‍ ആന്റണി സാറിന്റെ ക്ലാസ്സിനെ പോലെ മനം മടുപ്പിക്കുന്ന മുഷിപ്പാണ് അനുഭവപ്പെടുക.

പഴയത് പോലെ പെരുക്കി പിടിച്ച മസിലുമായി ഡാനി അരുണ്‍ എത്തി. ഇവന്റെ മസില്‍ പിടിത്തം ഗോള്‍ അരുണിന് എന്തോ ഇഷ്ടപെട്ടതായി തോന്നിയില്ല. തന്റെ വീര്‍ത്തു വരുന്ന വയറും പുറത്തു ചാടിയ കവിളും നോക്കി ആരോടെന്നില്ലാതെ ഗോള്‍ പറഞ്ഞു "ഇതും മസിലാ".

ഇടയ്ക്കു നാലഞ്ചുപേരുടെ ചെറു സംഘം ഒരു വശത്തേക്ക് നീങ്ങുന്നത്‌ കണ്ടു. കുറച്ചു നേരമായിട്ടും ഇവര്‍ തിരിച്ചു വരുന്നത് കാണാത്തത് കൊണ്ട് കൈലാസ് അങ്ങോട്ടേക്ക് ചെന്ന് നോക്കി. അവിടെ ഒരു കുപ്പിയുടെ ചുറ്റും കൂടി എകാഗ്രചിത്തതയോടെ കര്‍മം ചെയ്യുന്ന ഇവര്‍ അഞ്ചു പേരെയും കണ്ട കൈലാസ് നാഥ്‌ രാമ രാമ രാമാന്നു വിളിച്ചു കൊണ്ട് തിരിഞ്ഞോടി.

പണ്ട് ദിനേശ് ബീഡിയും ചെവിയില്‍ തിരുകി ക്ലാസ്സില്‍ വന്നിരുന്ന സുനിത് ഇന്ന് റോത്മാന്‍സ് സിഗരറ്റും പോക്കറ്റിലിട്ടുകൊണ്ടാണ് വന്നത്. നീട്ടി വളര്‍ത്തിയ താടിയുമായാണ് നൌഫല്‍ എത്തിയത്. ജയരാജ്‌ വരാത്തത് നന്നായി. ഇനിയും മീശ വളര്‍ന്നില്ലല്ലോ എന്ന വിഷമത്തില്‍ നേര്‍ച്ചയും വഴിപാടും ആയി നടക്കുന്ന അവന്‍ ഈ താടിയും കൂടി കണ്ടെങ്കില്‍ ആത്മഹത്യ ചെയ് തേനെ.

തിരുവനന്തപുരത്തെ ഒരു പ്രശശ്തമായ ഹോസ്പിറ്റലില്‍ ഡോക്ടറായി സേവനം അനുഷ്ടിക്കുന്ന ശ്രി അനിഷിന്റെ സാന്നിധ്യം ശ്രദ്ധേയമായ ഒന്നായിരുന്നു. ഹോസ്പിറ്റലില്‍ മരുന്നെടുത്ത് കൊടുക്കുന്ന പണി ചെയ്തിരുന്ന ഇവന്‍ തന്റെ വീടിന്റെ മതിലില്‍ വച്ചിരുന്ന 'ഡോക്ടര്‍ . അനീഷ്‌ ' എന്ന ബോര്‍ഡ്‌ നാട്ടുകാര്‍ കത്തിച്ചു കളഞ്ഞത് ഈ അടുത്ത കാലത്തായിരുന്നു.

പിന്നെ എടുത്തു പറയേണ്ടത് രണ്ടു മഞ്ഞ പത്രത്തിന്റെ പത്രാധിപര്‍മാരും അവര്‍ക്ക് കൃത്യമായി മാന്യന്മാരെ അപമാനിക്കുന്ന വാര്‍ത്തകള്‍ നല്‍കുന്ന ഒരു റിപ്പോര്‍ട്ടറുടെ സാന്നിധ്യവുമാണ്.

ഈ പരിപാടിയെ തങ്ങളുടെ സജീവ സാന്നിധ്യം കൊണ്ട് വിജയിപ്പിച്ച കൈലാസ് , അരുണ്‍ (ഗോള്‍ ), അരുണ്‍(ഡാനി), സുനിത്, സിന്ധു, നസീമ, പ്രശാന്ത്, സുമേഷ്, ശ്യാം കൃഷ്ണ, വിപിന്‍‌ദാസ്, ജിജോ, സജിനി, ശ്രീജിത്ത്‌, ശ്രീജ, നൌഫല്‍, (ആന്‍റ് മി) എവര്‍ക്കുമുള്ള നന്ദി അറിയിക്കുന്നു.

ഏതായാലും ഇനിയും കണ്ടുമുട്ടണം,
കൂടുതല്‍ വിശേഷങ്ങളുമായി,
കൂടുതല്‍ കഥകളുമായി .......

Tuesday, June 16, 2009

ടീം ഇന്ത്യ വീണ്ടും വിജയ പാതയിലേക്ക്

അങ്ങനെ ഇന്ത്യ വിജയകരമായി പരാജയ പാതയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. അതും വര്‍ഷങ്ങളുടെ ഇടവേളയ്ക് ശേഷം. ഈ 20 ഓവര്‍ ക്രിക്കറ്റ്‌ തുടങ്ങിയ സമയത്ത് ആര്‍ക്കും ഈ കളിയെ പറ്റി വലിയ പിടിപാടൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് ആദ്യത്തെ കപ്പ് തന്നെ നമ്മള്‍ ഇങ്ങു പൊക്കികൊണ്ട് പോന്നു. പക്ഷെ ഇന്ന് അതല്ല സ്ഥിതി അലവലാതികള്‍ എല്ലാവനും കളി പഠിച്ചിരിക്കുന്നു. ഇനി കപ്പ് എന്നും പറഞ്ഞു അങ്ങോട്ട്‌ ചെന്നാല്‍ പട്ടി ചന്തക്കു പോയത് പോലെ ആകും. അത് തന്നെയാണല്ലോ ഇപ്പോള്‍ സംഭവിച്ചതും. ഇല്ലെങ്കില്‍ പിന്നെ കളിയുടെ നിയമങ്ങള്‍ ഒന്ന് മാറ്റണം. ബൌണ്‍സര്‍ എറിയാന്‍ പാടില്ല. ക്യാച്ച് എടുത്താല്‍ ബാറ്റ്സ്‌മാന് 10 റണ്‍ നല്‍കണം അങ്ങനെയൊക്കെയുള്ള നിയമങ്ങള്‍ കൊണ്ട് വരണം. സ്ടംപിന്റെ എണ്ണം ഒന്നോ രണ്ടോ കുറച്ചാല്‍ അത്രയും നല്ലത്.
ശ്രീശാന്ത്‌ വീണ്ടും പത്രത്തിലൊക്കെ തല കാണിച്ചു തുടങ്ങിയിട്ടുണ്ട്. എറിയാന്‍ പഴയ ആമ്പിയര്‍ ഇല്ലെങ്കിലും വാചകമടിക്കു ഒരു കുറവും ഇല്ല. ഇവനെ അവന്മാര്‍ ടീമിലെടുക്കാത്തത് നന്നായി. ഈ നാണക്കേടിന്റെ ഇടയില്‍ തല വക്കേണ്ടി വന്നില്ലല്ലോ.
അടുത്ത വര്‍ഷം എന്തായാലും കപ്പും കൊണ്ട് വരും എന്ന് ധോണി ഇപ്പോഴേ പറയുന്നുണ്ട്. പുള്ളിക്കാരന്റെ മനസ്സില്‍ ചില പ്ലാനുകളൊക്കെ ഉണ്ട് എന്ന് തോന്നുന്നു. അടുത്ത വേള്‍ഡ് കപ്പിന് പെപ്സിയും കൊക്കൊകോലയുമൊക്കെ കുറച്ചു കാശ്‌ തരാം എന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുപോയി പിള്ളേര്‍ക്ക് കോഴ കൊടുത്തിട്ട് തോറ്റു തരാന്‍ പറയാം. അല്ലാതെ വേറെ വഴിയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.