Wednesday, January 23, 2013

കോഴിയുടെ കല്യാണം

 കുറുക്കന്റെ കല്യാണം
ഛെ തെറ്റിപോയി
കോഴിയുടെ കല്യാണം

 ഒരു കാലത്ത്  സെന്‍ട്രല്‍ പോളിടെക്നിക് എന്ന  സിപിടിയിലെ അത്ഭുത പ്രതിഭാസമായിരുന്ന ശ്രീമാന്‍ കോഴി രതീഷിന്റെ കല്യാണം നിശ്ചയിച്ചു. കോഴിക്ക്  കേരളത്തില്‍ നിന്ന് ഒരിക്കലും പെണ്ണ് കിട്ടില്ലെന്ന് വിശ്വസിച്ചു നടന്ന ചില മണ്ണുണ്ണികളുടെ അണ്ണാക്കിലേക്ക്  തന്റെ ബ്രഹ്മാസ്ത്രം എയ്തുകൊണ്ട് രതീഷ്‌ ആ പ്രഖ്യാപനം നടത്തി - " ഞാന്‍ എന്റെ ബാച്ച്ലര്‍ സ്റ്റാറ്റസ് ഡൌണ്‍ഗ്രേഡ് ചെയ്തു വിവാഹതിനാവാന്‍ പോകുന്നു ".

പണ്ടൊരിക്കല്‍ രതീഷിന്റെ ഒരു പഴയ ഗോപിക എന്നോട് ചോദിച്ചു " എന്തിനാ അണ്ണാ എന്റെ അണ്ണനെ കോഴീ എന്ന് വിളിക്കണത്  ? എന്റെ അണ്ണന്റെ സ്വഭാവം അത്രയ്ക്ക് മോശമാ ? ". ഈ ഗോപിക മാത്രമല്ല രതീഷിന്റെ നേത്രബാണമേറ്റ് കോരിത്തരിച്ചു പോയ (കോരിത്തരിച്ചു എന്ന് രതീഷ്‌ സ്വയം വിശ്വസിക്കുന്ന എന്നാല്‍ തിരികെ കൊഞ്ഞനം കുത്തി കാണിച്ചതാണെന്ന്‌ ഞങ്ങള്‍ വിശ്വസിക്കുന്ന ) ഒരുപാട് തരുണീമണികള്‍
സിപിറ്റിയില്‍ പലരോടും ഇതേ ചോദ്യം ചോദിച്ചു. അവരോടൊക്കെ ഞങ്ങള്‍ പറഞ്ഞു ഇവന്റെ സ്വഭാവം കൊണ്ടല്ല രൂപ സാമ്യം കൊണ്ടാണ് അങ്ങനെ വിളിക്കുന്നത്‌. അകം പൊള്ളയും പുറം കഷണ്ടിയുമായ ആ തലയുടെ ഉച്ചിയുടെ ഭാഗത്ത് പൂവന്‍ കോഴിയുടെ പൂവ് പോലെ ഉയര്‍ന്നു പൊങ്ങി നില്‍കുന്ന നാലു രോമങ്ങളും ആ കഷണ്ടി മറക്കാന്‍ പുറകില്‍ നിന്നും ഖനനം നടത്തി മുന്നിലേക്ക്‌ ചീകി വച്ച ചകിരികൂട് പോലുള്ള തല മുടിയും കണ്ടാല്‍ ആരും വിളിച്ചു പോകും കോഴീ എന്ന്. പിന്നെ മുട്ടയിടാത്തത് കൊണ്ട് പിടക്കോഴിയാണോ പൂവന്‍ കോഴിയാണോ എന്നുള്ള സംശയവും ഇല്ല.


മദ്യം കണ്ടാല്‍ സ്ഥലകാലബോധം നഷ്ടപെടും എന്നതൊഴിച്ചാല്‍ മറ്റൊരു ദുശീലവും സ്വന്തമായിട്ടില്ലാത്ത കോഴിയുടെ ആദ്യ പെണ്ണുകാണലിനെ പറ്റി പ്രചരിച്ചിരുന്ന ഒരു കഥയുണ്ട്.ഗള്‍ഫില്‍ നിന്നും ആദ്യ ലീവിനെത്തിയ രതീഷ്‌ പെണ്ണുകാണാന്‍ കൂടെ വരാന്‍ 3 സുഹൃത്തുക്കളെയും സ്വന്തം ചേട്ടനെയും ക്ഷണിച്ചു. എന്നാല്‍ ഇവനു വേണ്ടി പെണ്ണ് ചോദിച്ചു പോകുന്നത് തടി കേടാവുന്ന ഏര്‍പാടാണ് എന്ന് മനസിലാക്കിയ ഒരു ഭാഗ്യവാന്‍ എന്തോ ഒഴിവുകഴിവ് പറഞ്ഞ് ഉദ്യമത്തില്‍ നിന്ന് പിന്മാറി.  ഞാന്‍ ഇന്‍ഷുറന്‍സ് പോളിസി എടുത്തിട്ടില്ലെന്നും പറഞ്ഞ് ചേട്ടന്‍ ആദ്യം തന്നെ തടി തപ്പി.

ജീവനില്‍ കൊതിയില്ലാത്ത മറ്റു സുഹൃത്തുക്കളെയും കൂട്ടി വാടകക്കെടുത്ത പ്രീമിയര്‍ പദ്മിനി കാറില്‍ രതീഷ്‌ യാത്ര തിരിച്ചു (note the point : പ്രീമിയര്‍ പദ്മിനി കാര്‍ ടാക്സി ഓടിയിരുന്ന കാലം മുതല്‍കേ രതീഷ്‌ പെണ്ണു കാണാന്‍ തുടങ്ങിയതാണ്‌).

കാക്ക കുളിച്ചാല്‍ കൊക്കാകില്ല എന്നറിയാഞ്ഞിട്ടാണോ അതോ പഴഞ്ചൊല്ലില്‍ തീരെ വിശ്വാസം ഇല്ലാഞ്ഞിട്ടാണോ എന്നറിയില്ല, രതീഷ്‌ അന്ന് രാവിലെ 4 പ്രാവശ്യം കുളിച്ചിരുന്നു. പിന്നെ പോകുന്ന വഴിയില്‍ ഒരു ബ്യൂടിപര്‍ലാറില്‍ കയറി മുഖം വെളുപ്പിക്കാന്‍ ഒരു ശ്രമവും നടത്തി. എന്നിട്ടും വെളുക്കാത്തതിനു ബ്യൂടീഷ്യനെയും കുറ്റം പറഞ്ഞ് തിരികെ പോകാന്‍ തുടങ്ങിയ രതീഷിനെ കറുപ്പിനും ഉണ്ടളിയാ ഏഴഴക് എന്ന് പറഞ്ഞു സുഹൃത്തുക്കള്‍ ആശ്വസിപ്പിച്ചു. 

കുളിയും മുഖം മിനുക്കലും പിന്നെ പദ്മിനി കാറിലെ യാത്രയും എല്ലാം കൂടി സമയം വൈകി. പെണ്ണ് വീട്ടില്‍ എത്തുമ്പോള്‍ സമയം വൈകുന്നേരം 6 മണി. രാവിലെ മുതല്‍ 5 മണി വരെ നോക്കിയിട്ടും ഇവരെ കാണാത്തത് കൊണ്ട് ഇനി വരില്ല എന്ന് തന്നെ കരുതി പെണ്ണും പെണ്ണിന്റെ അമ്മയും കൂടി അമ്പലത്തിലോ മറ്റോ പോയപ്പോള്‍ ആണ് ഇവരുടെ വരവ്.
 ആദ്യം ഉണ്ടായ അമ്പരപ്പ് പുറത്തു കാണിക്കാതെ പെണ്ണിന്റെ അച്ഛന്‍ ഇവരെ സ്വീകരിച്ചു. കുറച്ചു നേരം സംസാരിച്ചിരുന്നിട്ടു കുടിക്കാന്‍ ചൂടായിട്ടെന്തെങ്കിലും എടുക്കാം എന്നും പറഞ്ഞിട്ട് അദ്ദേഹം അകത്തേക്ക് പോയി.  2-3 മിനിട്ട് കഴിഞ്ഞപ്പോള്‍ 3 ഗ്ലാസ്സില്‍ പാനീയവും ഒരു പാത്രത്തില്‍ മിക്ചറും ചിപ്സുമായി മടങ്ങിയെത്തി. മദ്യത്തിന്റെ നിറമുള്ള പാനീയം കണ്ടതേ രതീഷിന്റെ മനസ്സില്‍ ലഡ്ഡു പൊട്ടി. അവന്‍ അമിതാഹ്ലാദത്തോടെ ഒരു വിസിലും അടിച്ച് മുന്നോട്ട്‌ ചാടി. പിന്നെ വിളിച്ചു പറഞ്ഞു " അളിയോ അമ്മാവന്‍ സെറ്റപ്പാ. കൊച്ചു കള്ളന്‍. ഇതില്‍ സോടയാണോ വെള്ളമാണോ ഒഴിച്ചത് ? എനിക്ക് വെള്ളമാണ് ശീലം. അമ്മാവനും ഒരെണ്ണം അടിക്ക്. "
ഇത് കേട്ടതും 'ഭ' എന്നൊരു ആട്ടും ആട്ടി കലി തുള്ളി വന്ന അമ്മാവന്‍ കയ്യിലിരുന്ന ഗ്ലാസും പാത്രവും രതീഷിന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു. നല്ല ചൂട് വെള്ളം മുഖത്തേക്ക് വീണതും രതീഷിനു കാര്യം മനസിലായി. അത് മദ്യം അല്ലായിരുന്നു. നല്ല ഒന്നാന്തരം കട്ടന്‍ ചായ.

പിന്നെ തിരിച്ചുള്ള യാത്രയില്‍ ആരും ഒരക്ഷരം ഉരിയാടിയില്ലെങ്കിലും രതീഷിന്റെ സുഹൃത്തുക്കളുടെ മുഖത്ത് ഒരു ആശ്വാസത്തിന്റെ പുഞ്ചിരി ഉണ്ടായിരുന്നു - ഇത്തവണ നമ്മക്ക് തല്ലു കിട്ടിയില്ലല്ലോ എന്നോര്‍ത്ത്.

1 comment: